Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
മുണ്ടിനീര് നമ്മുടെ മക്കളെ സുരക്ഷിതമാക്കാം!!
2024-02-21 17:27:27
Posted By :  

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് മുറിയിൽ യാദൃശ്ചികമായി കയറിച്ചെന്നതായിരുന്നു ഇന്നലെ . അവിടെ ഭംഗിയുള്ള പിങ്കുടുപ്പും ഒരു ചെറിയ ബാഗും കയ്യിലേന്തി സുന്ദരികുട്ടി ആര്യ ( പേര് സാങ്കല്പികം ) അവളുടെ ഊഴത്തിനായി കാത്തിരിപ്പാണ്. അഞ്ചാം വയസ്സിലെടുക്കേണ്ട പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കാൻ അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയതാണവൾ. മുഖഭാവത്തിൽ പോലും യാതൊരു വ്യത്യാസവുമില്ലാതെ  കുത്തിവെപ്പിനെ നേരിട്ട ആര്യയുടെ കിളിക്കൊഞ്ചൽ - സ്കൂളിലെ കുറെ കുട്ടികൾക്ക് മുണ്ടിനീര് (Mumps) ആയതു കൊണ്ട് ഞങ്ങളുടെ സ്കൂളടച്ചു. എനിക്ക് മുണ്ടിനീർ വരാതിരിക്കാനാ ഈ സൂചി വെച്ചത് 

അതെ. വളരെയധികം പ്രാധാന്യമർഹിക്കുന്നൊരു കാര്യമാണ് ആര്യമോൾ പറഞ്ഞത്. ഈയിടെയായി mumps അഥവാ മുണ്ടിനീർ ബാധിച്ചു ചികിത്സ തേടേണ്ടി വരുന്ന കുട്ടികളുടെയെണ്ണം ക്രമാതീതമായി വർധിക്കുകയാണ്.അതുകാരണം അടച്ചിടേണ്ടി വരുന്ന വിദ്യാലയങ്ങൾ, ക്ലാസ്സ്‌മുറികളിലെ പഠനാവസരങ്ങൾ നഷ്ടമാകുന്ന വിദ്യാർഥികൾ , ചികിത്സാഭാരം താങ്ങേണ്ടി വരുന്ന രക്ഷിതാക്കൾ.. മുണ്ടിനീർ വരുത്തി വെക്കുന്ന വിന ചില്ലറയല്ല.ഈയിടെയായി കേരളത്തിലെ വിവിധ ജില്ലകളിൽ മുണ്ടിനീർ ധാരാളമായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്.

എന്താണ് mumps അഥവാ മുണ്ടിനീർ?

പാരാമിക്സോ വൈറസ് വിഭാഗത്തിൽ പെടുന്ന  വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് മുണ്ടിനീർ.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ  ഈ അസുഖം ബാധിച്ചേക്കാം.

പനി, തലവേദന, ഛർദി, ദേഹ വേദന ഒക്കെയാവാം തുടക്കത്തിൽ ലക്ഷണങ്ങൾ. രണ്ടു ദിവസം കഴിയുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി കവിളിലേക്ക് പടർന്നു വരുന്ന രീതിയിൽ പരോട്ടിഡ് ഗ്രന്ഥിയിൽ വീക്കമുണ്ടാവുന്നു. വീക്കം ആദ്യം ഒരു വശത്തു മാത്രം തുടങ്ങാമെങ്കിലും താമസിയാതെ 70 ശതമാനം കുട്ടികളിലും രണ്ടുവശത്തുമുണ്ടാവാം. നീരുള്ള ഭാഗത്തും ചെവിയിലുമായി ശക്തമായ വേദനയുമുണ്ടാകും. ഭക്ഷണം കഴിക്കാനും വെള്ളമിറക്കാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

മുണ്ടിനീർ പകരുന്നതെങ്ങനെ?

അസുഖമുള്ള ഒരാൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയാണ് കൂടുതലായും രോഗപ്പകർച്ചയുണ്ടാകുന്നത്. വായുവിലൂടെ വേഗത്തിൽ പടരുന്ന രോഗമാണെന്ന് ചുരുക്കം.ഒരാളുടെ ശരീരത്തിൽ രോഗാണു കയറി ലക്ഷണങ്ങൾ ഉണ്ടാക്കുന്നതിന്റെ ഏഴു ദിവസം മുമ്പ് മുതൽ ഉമിനീർ ഗ്രന്ഥി വീക്കമുണ്ടായതിനു ശേഷം അഞ്ചു ദിവസം വരെയും രോഗം മറ്റൊരാളിലേക്ക് പകർന്നേക്കാം.

മുണ്ടിനീർ വില്ലനാണോ? സങ്കീർണതകൾ വല്ലതും?

തലച്ചോറിനെ ബാധിക്കുന്ന ജ്വരം ( മെനിൻജൈറ്റിസ്, എൻകെഫലൈറ്റിസ് ),ഹൃദയത്തിനെ അലട്ടുന്ന മയോകാർഡൈറ്റിസ്,എന്നിവ കൂടാതെ പരോട്ടിഡ് ഗ്രൻഥിയോട് അടുത്ത് കിടക്കുന്ന മറ്റു ഗ്രന്ഥികൾ,പാൻക്രിയാസ് ( ആഗ്നേയ ഗ്രന്ഥി ), ആൺ കുട്ടികളിൽ വൃഷണങ്ങൾ,  തൈറോയിഡ് ഗ്രന്ഥി, വൃക്കകൾ, സന്ധികൾ ,  ഇവയെല്ലാം വീക്കം ബാധിച്ച് സങ്കീർണതകൾക്ക് വിധേയമായേക്കാം. മുണ്ടിനീരുള്ളവരിൽ സർവസാധാരണമായി ഇതൊക്കെ കണ്ടുവരുന്നുമുണ്ട്.

കൂടാതെ ഗർഭിണികളിൽ ആദ്യത്തെമൂന്നു മാസങ്ങളിൽ മുണ്ടിനീരുണ്ടായാൽ ഗർഭം അലസിപോകാനും സാധ്യതകളേറെയാണ്.

പ്രതിരോധിക്കാൻ മാർഗങ്ങളുണ്ടോ?

തീർച്ചയായും ഉണ്ട്. വർഷങ്ങൾക്ക് മുമ്പ് നമ്മുടെ കേരളത്തിലെ സോഷ്യൽ സെക്യൂരിറ്റി മിഷൻ വഴി പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ ഇടം നേടിയിരുന്നതായിരുന്നു  MMR ( എം എം ആർ - മമ്പ്സ്, മീസിൽസ് റുബെല്ല എന്നീ അസുഖങ്ങൾക്കെതിരെയുള്ളത് )   കുത്തിവെപ്പ് . സർക്കാരാശുപത്രികളിൽ ഇപ്പോൾ ഈ വാക്‌സിൻ ലഭ്യമല്ലെങ്കിലും മിക്ക പ്രൈവറ്റ് ആശുപത്രികളിലും നൽകിവരുന്നുണ്ട്. സീറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ ആണ്‌ നമ്മുടെ രാജ്യത്തിന് വേണ്ടി MMR വാക്‌സിൻ നിർമ്മിക്കുന്നത്.

ശിശുരോഗ സംഘടനയായ IAP യുടെ പ്രതിരോധ കുത്തിവെപ്പ് പട്ടിക പ്രകാരം ഒൻപതാം മാസത്തിനു ശേഷം ഒരു കുത്തിവെപ്പും ആറു മാസം കഴിഞ്ഞു ഒന്നേ കാൽ വയസ്സാകുമ്പോൾ രണ്ടാമത്തെ ഡോസും എടുക്കാം. തുടർന്ന് അഞ്ചാം വയസ്സിൽ മൂന്നാമത്തെ ഡോസ് കൂടിയെടുക്കാം. കുട്ടികാലത്തു MMR ലഭിക്കാത്തവർക്ക് കൗമാര പ്രായത്തിലും അതിനു ശേഷവും ആറു മാസം ഇടവിട്ട് രണ്ടു ഡോസുകൾ എടുക്കാവുന്നതേയുള്ളൂ.

വാക്‌സിൻ എടുത്തവരിൽ 88%( 66-95% വരെ ) പ്രതിരോധ ശേഷി ലഭിക്കുന്നതാണ്.
രണ്ടു ഡോസെടുത്താൽ മുണ്ടിനീരിനെ 15 വർഷത്തോളം പ്രതിരോധിക്കാൻ കെല്പുള്ളതാണ് MMR വാക്‌സിൻ.കുത്തിവെപ്പ് എടുത്തതിനു ശേഷം മുണ്ടിനീർ വരികയാണെങ്കിൽ തന്നെ ലക്ഷണങ്ങളും സങ്കീർണതകളും വളരെ കുറവായിരിക്കും. ഏറിയാൽ 650 രൂപയേ MMR വാക്‌സിന് വിലയുള്ളൂ.

 മുണ്ടിനീർ പടർന്നു കൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 1/1/24 മുതൽ 17/2/2024 വരെ ചുരുങ്ങിയത് 5953 കുട്ടികൾക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്.അതുകൊണ്ട്  കുത്തിവെപ്പ് ലഭിക്കാത്ത മക്കളുണ്ടെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അച്ഛനമ്മമാർ തന്നെ മുൻകൈയെടുത്ത് MMR നൽകുന്നത് ഉത്തമമായിരിക്കും. മുണ്ടിനീരും അതുണ്ടാക്കുന്ന ഭവിഷ്യത്തുകളും ഒഴിവാക്കാൻ നമ്മൾ ഉണരേണ്ട സമയമായിരിക്കുന്നു.

ഡോ. സജ്‌ന സഈദ്
കോഴിക്കോട്


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.