Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ഞാൻ ജനറിക് മരുന്നുകളെ പിന്താങ്ങുന്നു.
2023-08-17 16:46:34
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

Dr Sankar Mahadevan

 മോഡേൺ മെഡിസിൻ ഡോക്ടർമാർ ഇനിമുതൽ ജനറിക് മരുന്നുകൾ മാത്രം എഴുതണം എന്ന NMC യുടെ പുതിയ നിർദ്ദേശത്തെ ഞാൻ സർവ്വാത്മനാ പിന്തുണയ്ക്കുന്നു. തീർച്ചയായും അത് നടപ്പിലാക്കേണ്ട ഒരു കാര്യം തന്നെയാണ്. എന്നാൽ ചില ചോദ്യങ്ങൾക്ക് NMC ഉത്തരം നൽകി കഴിഞ്ഞാൽ, ഡോക്ടർ സമൂഹം ഒന്നടങ്കം ഈ തീരുമാനത്തെ സ്വാഗതം ചെയ്യും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.

1) ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ജനറിക് മരുന്നുകൾക്ക് എന്ത് തരം ക്വാളിറ്റി  ടെസ്റ്റുകൾ ആണ് നിലവിലുള്ളത്?

2) ഒരു നിശ്ചിത ഗ്രാമിലെ ജനറിക് മരുന്ന് വിപണിയിലെത്തുമ്പോൾ, അത്രയും തന്നെ അളവ് ആ മരുന്നിൽ ഉണ്ടാകുമെന്ന് NMCക്ക് ഉറപ്പു നൽകാൻ സാധിക്കുമോ?

3) ഒരുവശത്ത് ബ്രാൻഡഡ് മരുന്നുകൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് അംഗീകാരം കൊടുക്കുകയും, മറുവശത്ത് ഡോക്ടർമാരോട് മാത്രം ജനറിക് മരുന്നുകൾ എഴുതണം എന്ന് പറയുന്നതിലുള്ള ചേതോവികാരം എന്താണ്?

4) ഇന്ത്യയിൽ കൂണുപോലെ തഴച്ചു വളരുന്ന മരുന്ന് വ്യവസായത്തെ നിയന്ത്രിക്കുവാൻ എന്തെങ്കിലും മാർഗ്ഗ നിർദ്ദേശങ്ങൾ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടോ?

5) ഈ നിയമം അല്ലെങ്കിൽ മാർഗ്ഗ നിർദ്ദേശങ്ങൾ, ആയുഷ് വകുപ്പിനും ബാധകമാണോ? പതഞ്ജലി പോലുള്ള വ്യാജ ആയുർവേദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനി ലക്ഷങ്ങൾ കൊടുത്തു ഇന്ത്യയിലെ പത്രങ്ങൾ ആകമാനം കൊളസ്ട്രോൾ,  തുടങ്ങിയ അസുഖങ്ങൾ നിയന്ത്രിക്കാൻ തങ്ങളുടെ പക്കൽ മരുന്നുകൾ ഉണ്ടെന്ന് വ്യാജ പരസ്യങ്ങൾ നൽകിയപ്പോൾ NMC എന്തു ചെയ്യുകയായിരുന്നു?

 ഒരുപാട് അനുഭവ കഥകളിൽ ഒരു അനുഭവ കഥ പറയാം. എന്റെ അടുത്ത ഒരു ബന്ധു, പ്രഷറിനു വേണ്ടിയിട്ട് സ്ഥിരമായി ആന്റി ഹൈപ്പർറ്റെൻസിവ് മെഡിസിൻ കഴിക്കാറുണ്ടായിരുന്നു. സ്ഥിരമായി മരുന്നു കഴിച്ചിട്ടും അവരുടെ പ്രഷർ കുറയാതെ ആയപ്പോൾ, അവർ എന്റെ അടുക്കൽ ഉപദേശം തേടി. കഴിക്കുന്ന മരുന്നിന്റെ പേര് പറയാൻ പറഞ്ഞപ്പോൾ, ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു പേര്. അവർ എനിക്കതിന്റെ ഫോട്ടോ അയച്ചു തന്നു, ഹിമാചൽപ്രദേശിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഒരു ജനറിക് മരുന്ന്. ചില്ലറ പൈസയുടെ ലാഭത്തിനുവേണ്ടി, അവർ ഡോക്ടർ എഴുതിക്കൊടുത്ത ബ്രാൻഡഡ് മരുന്ന് വാങ്ങാതെ, വിലകുറഞ്ഞ ജനറിക് മരുന്നു നീതി മെഡിക്കൽ സ്റ്റോറിൽ നിന്നോ ജൻ ഔഷധിയിൽ നിന്നോ വാങ്ങു കയായിരുന്നു. നല്ല കമ്പനിയുടെ അതേ ഡോസിലുള്ള മരുന്ന് വാങ്ങി കഴിച്ചപ്പോൾ, അവരുടെ ബ്ലഡ് പ്രഷർ സാധാരണ നിലയിൽ ആവുകയും ചെയ്തു. ഇതൊരു ഒറ്റപ്പെട്ട അനുഭവം അല്ല, ഒറ്റപ്പെട്ട മരുന്നുമല്ല, ജീവൻ രക്ഷാ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, പ്രമേഹത്തിനു വേണ്ടിയുള്ള മരുന്നുകൾ ഇങ്ങനെ എണ്ണിയാൽ ഉടങ്ങാത്ത അസുഖങ്ങൾക്കുള്ള മരുന്നുകൾ ശരിയായ ക്വാളിറ്റിയിൽ ഉള്ളതല്ലെങ്കിൽ, പണി പാളും. അസുഖം മാറില്ല എന്നുള്ളത് മാത്രമല്ല ചിലപ്പോൾ ജീവനും അപകടത്തിലാവും.

നമുക്ക് ചുറ്റും നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങളും ബ്രാൻഡഡ് ആണ്, മൊബൈൽ, ടിവി,  പെയിന്റ്, സിമന്റ്, വെളിച്ചെണ്ണ, അങ്ങനെ അരി ഉൾപ്പെടെ എണ്ണിയാൽ ഒടുങ്ങാത്ത ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ഉള്ള ഈ നാട്ടിൽ, മരുന്നുകൾക്ക് മാത്രം ക്വാളിറ്റി വേണ്ട എന്ന് ശഠിക്കുന്നത് എന്തുകൊണ്ട്? ഇനി ക്വാളിറ്റിയുള്ള ജനറിക് മരുന്നുകൾ കൊടുക്കുവാൻ ഇവിടെ എന്താണ് തടസ്സം?

 ഒരു രോഗിയുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം അയാളെ ചികിത്സിക്കുന്ന ഡോക്ടർക്ക് തന്നെയാണ്. രോഗിയുടെ അസുഖം പൂർണമായി ഭേദമാകുവാനും, അയാളുടെ ആരോഗ്യം പൂർണ്ണമായി  സംരക്ഷിക്കപ്പെടുവാനും അയാൾക്ക് യഥാർത്ഥ ചികിത്സ നൽകുവാനും ഡോക്ടർക്ക് ഉത്തരവാദിത്വം ഉണ്ട്. അങ്ങനെ നോക്കുമ്പോൾ ഏതുതരം മരുന്ന് എഴുതണം എന്നുള്ളത് തീരുമാനിക്കേണ്ടത് ചികിത്സകനാണ്. മാർക്കറ്റിൽ ഇറങ്ങുന്ന ജനറിക് മരുന്നുകൾ വിലകുറച്ച് കിട്ടുന്നു എന്നതുകൊണ്ട് വാങ്ങി കഴിക്കുന്ന പൊതുജനങ്ങൾ ഒരു കാര്യം ഓർക്കേണ്ടത്, നിങ്ങളുടെ അസുഖം മാറുന്നില്ലെങ്കിൽ അതിന്റെ കാരണക്കാരൻ ക്വാളിറ്റി കുറഞ്ഞ ഈ മരുന്നുകളാണ്. NMC യുടെ ഇത്തരത്തിലുള്ള അപക്വവും അപരിഷ്കൃതവും ആയ മാർഗനിർദ്ദേശങ്ങൾ ജനങ്ങളുടെ ആരോഗ്യവും ജീവനും അപകടത്തിൽ ആക്കും എന്ന് ഓർമിപ്പിക്കുന്നു. വിഷാംശമില്ലാത്ത വായു ശ്വസിക്കുവാൻ, മലിനമല്ലാത്ത വെള്ളം കുടിക്കുവാൻ, നല്ല പോഷകാഹാരം കഴിക്കുവാൻ അവകാശമുള്ള ഈ നാട്ടിൽ, ഗുണനിലവാരമുള്ള മരുന്നുകൾ കഴിക്കുവാൻ രോഗിക്കും അവകാശമില്ലേ? 

 നല്ല ക്വാളിറ്റിയുള്ള ജനറിക് മരുന്നുകൾ ഉല്പാദിപ്പിക്കുകയോ, ബഹുരാഷ്ട്ര മരുന്നു കമ്പനികളോട് ഇന്ത്യയിൽ ജനറിക് മരുന്നുകൾ മാത്രമേ ഇനി വിൽക്കാവൂ എന്ന് നിയമം കൊണ്ടുവരികയോ ചെയ്യാത്തിടത്തോളം NMC യുടെ ഇത്തരം മാർഗനിർദ്ദേശങ്ങൾ ഡോക്ടർമാർ ഉൾപ്പെടുന്ന പൊതുസമൂഹം തിരസ്കരിക്കും. അതുവരെ ജനറിക് മരുന്നുകൾ എഴുതാൻ എന്നെപ്പോലുള്ള ഒരു മോഡേൺ മെഡിസിൻ ഡോക്ടർക്കും സാധിക്കില്ല, കാരണം രോഗിയുടെ ആരോഗ്യം എന്റെ ഉത്തരവാദിത്വമാണ്. ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ എന്ന് ഇന്ത്യയിൽ ഉണ്ടാകുന്നുവോ ഞാനും അന്നുമുതൽ ജനറിക് മരുന്നുകൾ എഴുതി തുടങ്ങും.

ഡോ ശങ്കർ മഹാദേവൻ


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.