Top Stories
മലിനീകരണ നിയന്ത്രണ ലൈസെൻസിനെ ചൊല്ലി തട്ടിപ്പ്: മുംബൈയിലെ ഡോക്ടർ ദമ്പതിമാർക്ക് നഷ്ടമായത് 3 ലക്ഷം രൂപ, തട്ടിപ്പുകാരൻ അറസ്റ്റിൽ.
2023-10-24 18:26:19
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മുംബൈ: മലിനീകരണ നിയന്ത്രണ ലൈസെൻസിനെ ചൊല്ലി ഉണ്ടായ തട്ടിപ്പിൽ മുംബൈയിലെ ഡോക്ടർ ദമ്പതിമാർക്ക് നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ. ഡോക്ടറും ഡോക്ടർ കൂടിയായ ഇദ്ദേഹത്തിൻ്റെ ഭാര്യയും ചേർന്ന് ഒരു ക്ലിനിക് നടത്തുന്നുണ്ട്. അങ്ങനെയിരിക്കെ, രണ്ട് മാസം മുൻപായിരുന്നു സംഭവത്തിൻ്റെ തുടക്കം. ആരോഗ്യ വകുപ്പിലെ മലിനീകരണ നിയന്ത്രണ ബോർഡിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞു കൊണ്ട് സിംഗ് എന്ന ഒരാളുടെ കോൾ ഡോക്ടർക്ക് വരികയായിരുന്നു. എത്രയും പെട്ടെന്ന് തന്നെ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഒരു ലൈസൻസ് ഡോക്ടർ കൈപറ്റണമെന്നും അല്ലാത്ത പക്ഷം ക്ലിനിക് അടച്ച് പൂട്ടേണ്ടതായിട്ട് വരുമെന്നും ഇയാൾ ഡോക്ടറോട് പറഞ്ഞു. ലൈസൻസ് എത്രയും പെട്ടെന്ന് തന്നെ എടുത്തില്ലെങ്കിൽ ഒരു മണിക്കൂറിനകം ക്ലിനിക് സീൽ ചെയ്യേണ്ടി വരുമെന്ന് ഇയാൾ അറിയിച്ചു. ഒപ്പം ലൈസൻസ് ഇല്ലാത്ത കാര്യം ഒരു രോഗി ആരോഗ്യ വകുപ്പിൽ അറിയിച്ചിട്ടുണ്ടെന്നും ഇയാൾ ഡോക്ടറോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഡോക്യൂമെന്റുകൾ ഹാജരാക്കാൻ ഡോക്ടർ ഇയാളോട് ആവശ്യപ്പെട്ടപ്പോൾ ക്ലിനിക് സീൽ ചെയ്‌തതിന്‌ ശേഷം മാത്രമേ അതെല്ലാം കാണിക്കാൻ പറ്റൂ എന്ന് ഇയാൾ പറഞ്ഞു. സാഹചര്യം മുതലെടുത്ത സിംഗ്, ഡോക്ടർക്ക് ഉടനടി ലൈസൻസ് ലഭിക്കണമെങ്കിൽ 40,000 രൂപ നൽകേണ്ടി വരുമെന്ന് പറയുകയും വേറെ ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ ഡോക്ടർ ഇയാൾ നൽകിയ ക്യു.ആർ കോഡ് സ്‌കാൻ ചെയ്‌ത്‌ പണം നൽകുകയും ചെയ്‌തു. എന്നാൽ ഇവിടം കൊണ്ട് ഒന്നും അവസാനിച്ചില്ല. ഡോക്ടറുടെ ഭാര്യക്ക് പ്രാക്റ്റീസ് തുടരണമെങ്കിൽ അവർക്കും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും പ്രത്യേക ലൈസൻസ് വേണ്ടി വരുമെന്ന് ഇയാൾ ഡോക്ടറോട് പറഞ്ഞു. അങ്ങനെ സാഹചര്യം കൂടുതൽ മുതലെടുത്ത സിംഗ് എന്ന വ്യക്തി ഡോക്ടറിൽ നിന്നും കവർന്നത് മൊത്തം 3 ലക്ഷം രൂപയാണ്. എന്നാൽ ഇത്രയൊക്കെ ചെയ്‌തിട്ടും തനിക്ക് ലൈസൻസ് കിട്ടാതെ വന്നപ്പോഴാണ് താൻ പറ്റിക്കപ്പെട്ട കാര്യം ഡോക്ടർ മനസ്സിലാക്കുന്നത്. അക്കിടി മനസ്സിലായ ഡോക്ടർ ഉടൻ തന്നെ പോലീസിൽ പരാതിപ്പെട്ടു. ശേഷം ഡോക്ടറുടെ പണം തട്ടിപ്പുകാരൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ഇയാളെ സംഭവം നടന്നു കഴിഞ്ഞു രണ്ടു മാസങ്ങൾക്ക് ശേഷം ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഭോപ്പാലിൽ ഒരു ബിസിനസ്സ് സ്ഥാപനം നടത്തുന്ന 23-കാരനാണ് പ്രതി.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.