ഡോക്ടർമാരെ കൊല്ലരുത്
ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത് പഠനം പൂർത്തിയാക്കി പ്രൊഫഷൻ തുടങ്ങുന്ന ഒരു യുവ ഡോക്ടർ തികച്ചും അർത്ഥശൂന്യമായ ഒരു അക്രമസംഭവത്തിൽ കൊല്ലപ്പെടുക
എന്തൊരു കഷ്ടമാണ്
സാധാരണ ഗതിയിൽ ഉള്ള രോഗി - ഡോക്ടർ സംഘർഷമോ, ചികിത്സ കിട്ടാത്തതിനെ പറ്റി രോഗിയുടെ ബന്ധുക്കളും ഡോക്ടർമാരും തമ്മിലുള്ള സംവാദമോ ഒന്നുമുള്ള കേസല്ല.
തികച്ചും ഒരു ഫ്രീക്ക് ആക്‌സിഡണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തത്, ഏറ്റവും നിർഭാഗ്യകരം.
ഇക്കാര്യത്തിൽ കേട്ടിടത്തോളം എല്ലാവരും നല്ല ഉദ്ദേശത്തിൽ കാര്യങ്ങൾ ചെയ്തവരാണ്. പെട്ടെന്നുണ്ടായ സാഹചര്യമാണ്. കൈവിട്ടുപോയി, മരണം സംഭവിച്ചു.
ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്തുന്നതിൽ ഞാൻ ഒരു കാര്യവും കാണുന്നില്ല. പക്ഷെ സുരക്ഷിതമായ ഒരു തൊഴിൽ സാഹചര്യം ആ ഡോക്ടർക്ക് നല്കാൻ നമുക്ക് സാധിച്ചില്ല.
പക്ഷെ ആ ഡോക്ടറുടെ കുടുംബത്തിന് ഉചിതവും മാതൃകാപരവുമായ ഒരു നഷ്ടപരിഹാരം, ഒരു അഞ്ചുകോടി രൂപ എങ്കിലും, പ്രഖ്യാപിക്കണം എന്നാണ് എൻ്റെ അഭിപ്രായം. ആ കുടുംബത്തിനുണ്ടായ നഷ്ടത്തിന് പരിഹാരം ഇനി ഇല്ല, പക്ഷെ സമൂഹത്തിന്റെ കടപ്പാട് എന്ന നിലക്ക് അത്രയെങ്കിലും നാം ചെയ്യണം.
കേസന്വേഷണം വേണ്ടപോലെ നടത്തണം. എന്ത് പിഴവുകൾ ആണ് ഉണ്ടായതെന്ന് കണ്ടെത്തണം, കുറ്റവാളിക്ക് നിയമം അനുശാസിക്കുന്നതിൽ ഏറ്റവും കൂടിയ ശിക്ഷ കൊടുക്കണം.
പക്ഷെ അവിടെ നിർത്തരുത്.
ഇതൊരു മുന്നറിയിപ്പാണ്.
കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ സാഹചര്യം കൂടുതൽ അപകടം പിടിച്ചതായി വരുന്ന ഒരു സാഹചര്യം ഞാൻ കുറച്ചു നാളായി കാണുന്നുണ്ട്. പക്ഷെ കൃത്യമായ കണക്കുകൾ എനിക്കില്ലായിരുന്നു.
രണ്ടുമാസം മുൻപ് എന്റെ സുഹൃത്ത് ഡോക്ടർ ലാൽ നടത്തുന്ന ഫ്രൈഡേ ഓപ്പൺ ഹൗസിലാണ് ഡോക്ടർ സുൽഫിയെ കാണുന്നത്. അതിനുമുൻപ് കോവിഡ് കാലത്ത് ഐ.എം.എ. യുടെ ഭാരവാഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേകിച്ച് ഡോക്ടർമാർക്ക് രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും അക്രമം ഉണ്ടാകുന്പോൾ പൊതുസമൂഹം അതിനെതിരെ ശക്തമായി പ്രതികരിക്കുന്നില്ല എന്നുമാത്രമല്ല, “അത് ഡോക്ടർമാർ അർഹിക്കുന്നതാണ്, ചോദിച്ചു വാങ്ങുന്നതാണ്” എന്നെല്ലാം മനുഷ്യത്വരഹിതമായി പ്രതികരിക്കുന്നതിനെക്കുറിച്ച് ഞാൻ ചർച്ചയിൽ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞ കണക്കുകൾ എന്നെ നടുക്കി. കേരളത്തിൽ മാസത്തിൽ അഞ്ച് അക്രമങ്ങളെങ്കിലും ആശുപത്രികളിൽ ഡോക്ടർമാർക്കെതിരെ നടക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാസത്തിൽ അഞ്ച് അല്ലെങ്കിൽ ആഴ്ചയിൽ ഒന്ന് എന്നമട്ടിൽ അക്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ ദുരന്തങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സ് എടുത്താൽ അതിൽ ഒന്ന് മരണമാകാൻ എല്ലാ സാധ്യതയുമുണ്ട്. എന്നിട്ടും പൊതുസമൂഹത്തിന് ഇക്കാര്യത്തിൽ ഒരാശങ്കയുമില്ലല്ലോ എന്ന് ഞാൻ അന്ന് കരുതി.
മരണം അറിയിച്ച ലേഡി ഡോക്ടറെ രോഗിയുടെ ബന്ധു തൊഴിച്ചുവീഴിച്ചിട്ട് അയാളെ അറസ്റ്റ് ചെയ്യാൻ പോലും ദിവസങ്ങൾ വേണ്ടിവന്നു.
കോവിഡ് കാലത്ത് ഡോക്ടറെ ആക്രമിച്ച രോഗിയുടെ ബന്ധുവായ പോലീസുകാരനെ ഒരു മാസമായിട്ടും അറസ്റ്റ് ചെയ്തില്ല.
കഴിഞ്ഞ മാസം കോഴിക്കോട്ട് ഡോക്ടറുടെ നേരെ കൂട്ടമായി അക്രമം അഴിച്ചുവിട്ടവരുടെ കാര്യവും അതുപോലെതന്നെ. പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും ഡോക്ടർമാർ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ.
ഒരു ഡോക്ടറെ, തൊഴിൽസ്ഥലത്ത്, സ്വന്തം തൊഴിൽ ചെയ്യുന്നതിന്റെ പേരിൽ കയ്യേറ്റം ചെയ്യുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ പോലും പറ്റാത്ത സമൂഹം എന്ത് സുരക്ഷയാണ് അവർക്ക് നൽകുന്നത്?
അറസ്റ്റ് എന്നത് ആരംഭ നടപടി മാത്രമാണെന്നോർക്കണം. അതിനുശേഷം തെളിവെടുപ്പ്, കേസ് ചാർജ് ചെയ്യൽ, വിചാരണ, ശിക്ഷാവിധി, ശിക്ഷ നടപ്പാക്കൽ എന്നിവയെല്ലാം കഴിയുന്പോഴാണ് നീതി നടപ്പിലാക്കപ്പെട്ടു എന്നുപറയുന്നത്.
ഒരാഴ്ചയിൽ ഒന്നെന്ന നിലയിൽ ഡോക്ടർമാരുടെ നേരെ അക്രമം നടന്നിട്ട് കേരളത്തിൽ എത്ര ആളുകൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? ഡോക്ടർമാരുടെ നേരെയുള്ള അക്രമത്തിന്റെ പേരിൽ കേരളത്തിൽ ഒരാളെങ്കിലും ഇന്ന് ജയിലിലുണ്ടോ?
ഇതൊക്കെ എല്ലാവരും കാണുകയല്ലേ.
അക്രമം നടത്തുന്നവർക്ക് തങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് ഉറപ്പാണ്. ഡോക്ടറെ തല്ലിയാലും തൊഴിച്ചു വീഴിച്ചാലും സുഖമായി വീട്ടിൽ പോകാം. കേസന്വേഷണം ഒക്കെ ഒരു വഴി വരും. പരമാവധി ഒരു അറസ്റ്റ്, വിചാരണയും ശിക്ഷയും ഒന്നുമില്ല.
ഇതേസമയം പോലീസുകാരോട് അവരുടെ തൊഴിൽസ്ഥലത്ത് അവരുടെ തൊഴിൽ ചെയ്യുന്നതിന്റെ പേരിലായിരുന്നു ആരെങ്കിലും അക്രമം കാട്ടിയത് എന്ന് കരുതുക.
അറസ്റ്റിന്റെ ഒന്നും ആവശ്യമുണ്ടാകില്ല. അപ്പോൾ തന്നെ അക്രമിയെ പഞ്ഞിക്കിട്ടിട്ടുണ്ടാകും. കേസും കൂട്ടവും പിന്നാലെ മാത്രം. ജാമ്യം കിട്ടണണമെങ്കിൽ പോലും കാലതാമസമെടുക്കും.
ഇതൊക്കെ ഡോക്ടർമാരും ഡോക്ടറാകണമെന്ന് ചിന്തിക്കുന്നവരും കാണുകയല്ലേ.
നാഭിക്ക് തൊഴിയേറ്റ ഡോക്ടർ പറഞ്ഞത്, ഞാൻ ഈ തൊഴിൽ ഉപേക്ഷിക്കുകയാണ് എന്നാണ്.
ആരാണ് അങ്ങനെ ചിന്തിക്കാത്തത്. എന്റെ മക്കളെ ഞാൻ ഒരു കാരണവശാലും ഡോക്ടറാകാൻ പ്രേരിപ്പിക്കില്ല എന്ന പല ഡോക്ടർമാരും നിരാശയോടെ പറഞ്ഞിട്ടുണ്ട്.
ഡോക്ടറാകാൻ ആഗ്രഹമുള്ള എത്രയോ പേര് തല്ലുപേടിച്ച് അത് വേണ്ട എന്ന് വെച്ചുകാണണം.
ഇത് മാത്രമല്ല, സംഭവിക്കാൻ പോകുന്നത്. മരണഭയത്തോടെ ആർക്കും സ്ഥിരമായി ജോലിചെയ്യാൻ സാധിക്കില്ല. പുതിയ തലമുറ ഡോക്ടർമാരെങ്കിലും സ്വയരക്ഷ നോക്കിത്തുടങ്ങും.
രോഗിയും ബന്ധുക്കളും കൂട്ടത്തിലൊരാളെ തല്ലാൻ തുടങ്ങിയാൽ ഡോക്ടർമാരും പ്രതികരിക്കും. ഇന്ത്യയിലെ പല മെഡിക്കൽ കോളേജുകളിലും ഇത് സ്ഥിരം കാഴ്ചയാണ്. രോഗികളോ ബന്ധുക്കളോ ഡോക്ടർമാരെ ഉപദ്രവിച്ചാൽ ക്രിക്കറ്റ് ബാറ്റും ഹോക്കിസ്റ്റിക്കുമായി ജൂനിയർ ഡോക്ടർമാരും രംഗത്തിറങ്ങും. ആശുപത്രി അങ്കത്തട്ടാകും. തല്ലിയാൽ തിരിച്ചു കിട്ടും എന്ന് പേര് കേട്ട ആശുപത്രികളിൽ ബന്ധുക്കളുടെ വികാരവിക്ഷോഭം കുറയും.
സ്വകാര്യ ആശുപത്രികൾ സെക്യൂരിറ്റി ഏജൻസികളെ നിയമിക്കും. മിക്കവാറും കൊട്ടേഷൻ ഗാങ്ങുകളായിരിക്കും അത്. അവരും ബന്ധുക്കളും നേർക്ക് നേർ മുട്ടിയാൽ മരണം ഡോക്ടർമാരിൽ മാത്രം ഒതുങ്ങില്ല.
ഇത് മാത്രമല്ല പ്രത്യാഘാതം. ഗുരുതര അസുഖമായോ അപകടത്തിൽ പെട്ടോ ഒരു രോഗി മുന്നിൽ വരുന്പോൾ അവരുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യാനാണ് സാധാരണയായി ഡോക്ടർമാർ ശ്രമിക്കുന്നത്.
എന്നാൽ രോഗി മരിച്ചാൽ അടികൊള്ളും എന്ന സാഹചര്യം വന്നാൽ തന്റെ ഉത്തരവാദിത്തത്തിൽ മരണം ഉണ്ടാകാതിരിക്കാനായിരിക്കും ഡോക്ടർമാർ ശ്രമിക്കുക. റിസ്‌ക്ക് എടുക്കില്ല. താഴെ ആശുപത്രിയിൽ നിന്നും മുകളിലേക്ക് തട്ടും. ഗോൾഡൻ അവർ ഒക്കെ നഷ്ടമാകും. മരണസാധ്യത കൂടും.
നഷ്ടം എല്ലാവർക്കും ആണ്
കാര്യങ്ങൾ അവിടെ കൊണ്ടെത്തിക്കാതിരിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ആരോഗ്യപ്രവർത്തകരോടുള്ള അക്രമങ്ങൾക്കെതിരെ സമൂഹത്തിന് സീറോ ടോളറൻസ് വേണം. സർക്കാരും സാംസ്‌ക്കാരിക പ്രവർത്തകരും ഒരുമിച്ചുനിൽക്കണം. ഇക്കാര്യത്തിൽ "ചിലർ ചോദിച്ചു വാങ്ങുന്നു" എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഇനി ഉണ്ടാകരുത്.
ആരോഗ്യപ്രവർത്തകരുടെ ജീവനും സ്ഥാപനങ്ങളുടെ സ്വത്തും സംരക്ഷിക്കാം ആവശ്യമെങ്കിൽ സമഗ്രമായ നിയമം നിർമിക്കണം. ഭരണ - പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു നിൽക്കണം.
നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കണം. അമേരിക്കയിൽ വിമാനത്താവളത്തിൽ ഒക്കെ സ്റ്റാഫിനോട് കയർത്തു സംസാരിച്ചാൽ പോലും പോലീസ് എത്തി കമിഴ്ത്തിയടിച്ചു കയ്യും കെട്ടി തൂക്കിയെടുത്ത് കൊണ്ടുപോകും. ഒരിക്കൽ ഈ കാഴ്ച്ച കണ്ടിട്ടുള്ളവർ പിന്നെ കയ്യാങ്കളിക്ക് പോയിട്ട് കച്ചറ ഉണ്ടാക്കാൻ പോലും പോകില്ല. ഇതൊക്കെ നമ്മുടെ നാട്ടിലും വരണം.
ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്ന കേസിൽ ഒരു വർഷത്തിനകം വിചാരണ കഴിഞ്ഞ് ശിക്ഷ വിധിക്കണം. പത്തുപേരെങ്കിലും ജയിലിൽ കിടക്കുന്നത് മറ്റുള്ളവർ കാണണം.
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമഗ്രമായ ഇൻഷുറൻസ് വേണം. അക്രമത്തിന് ഇരയാകുന്നവർക്ക് പൂർണ ചികിത്സ, കൗൺസിലിംഗ്, സാന്പത്തികമായി നഷ്ടപരിഹാരം എല്ലാം നിയമത്തിന്റെ ഭാഗമാക്കണം.
തൊഴിൽരംഗത്ത് സംഘർഷം വളരുന്നതിന് മുൻകൂർ കാണാനും (conflict assessment) അത് തണുപ്പിക്കാനും (de-escalation) വേണ്ടപ്പോൾ മറ്റുള്ളവരുടെ സഹായം തേടാനും (escalation) സ്വന്തം നിയമപരമായ അവകാശങ്ങൾ അറിയാനും ഒക്കെയുള്ള പരിശീലനം മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം.
കേരളത്തിൽ ഇപ്പോൾ ആരോഗ്യപ്രവർത്തകർ ആശങ്കയിൽ ആണ്. സർക്കാർ അവരുടെ പ്രതിനിധികളുമായി സംസാരിക്കണം. പൂർണ്ണമായ സുരക്ഷ ഉറപ്പ് നൽകണം. അതിന് അവരുടെ കൂടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക, ഓരോ ആശുപത്രിയിലും ആവശ്യത്തിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക, ഓരോ പോലീസ് സ്റ്റേഷനും ചുറ്റുമുള്ള ആരോഗ്യ സ്ഥാപനങ്ങളും തമ്മിൽ ഹോട് ലൈൻ വഴി ബന്ധിപ്പിക്കുക, പൂർണ്ണമായ വീഡിയോ സർവൈലൻസ് സിസ്റ്റം ഉണ്ടാക്കുക എന്നിങ്ങനെ അക്രമം ഒഴിവാക്കാൻ സാധ്യമാകുന്നതൊക്കെ ചെയ്യുക.
ശാരീരികമായ അക്രമം മാത്രമല്ല, ഭാഷ കൊണ്ടുള്ള അക്രമവും ഭീഷണിയും ഒക്കെ കുറ്റകൃത്യമായി പരിഗണിക്കപ്പെടണം. അത് ചെയ്യുന്നവർക്ക് പ്രത്യാഘാതം ഉണ്ടാകുകയും വേണം.
ഒരിക്കൽ കൂടി ഡോക്ടർ വന്ദനയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു വാർത്തയും ഓർമ്മയുമാണ്.
മുരളി തുമ്മാരുകുടി
തിരുവനന്തപുരം: പത്തനംതിട്ട ആസ്ഥാനമായുള്ള ഒരു ആശുപത്രിയോട് 50 ലക്ഷം രൂപ നഷ്ടപരിഹാരാമായി ഒരു കുഞ്ഞിനും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും നൽകാൻ കൺസ്യൂമർ ഡിസ്പ്യൂട്സ് റീഡ്രെസ്സൽ കമ്മീഷൻ (എസ്.ഡി.ആർ.സി) നിർദ്ദേശിച്ചു.
കൊച്ചി: പാമ്പുകടിയിലും ഹൃദയസംബന്ധമായ ഗവേഷണത്തിലും തകർപ്പൻ സംഭാവനകൾ നൽകിയതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) ഇരട്ട അംഗീകാരം കരസ്ഥമാക്കി കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ.
ജോലിക്ക് കയറാതെ അനധികൃതമായി നടക്കുന്ന 56 ഡോക്ടർമാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് സമയം കൊടുത്തു എങ്കിലും തിരികെ പ്രവേശിക്കാതെ നടക്കുന്ന ഡോക്ടർമാർക്കെതിരെയാണ് നടപടി.
Professor Marthanda Varma Sankaran Valiathan, a distinguished cardiac surgeon and respected academic, passed away on Wednesday, July 17, 2024, at 9:14 PM in Manipal. He was 90 years old.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബംഗ്ലാദേശ് വകഭേദമാണെന്ന് കേരള സർക്കാർ അറിയിച്ചു. ഈ വകഭേദം ഒരു പകർച്ചവ്യാധി ആയി മാറാൻ സാധ്യത കുറവാണെന്നും എന്നാൽ ഇതിന് ഉയർന്ന മരണനിരക്ക് ഉണ്ടാക്കാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.