Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
വെട്ടിപ്പൊളിച്ച വയറ് :- ഒരു വിചിന്തനം
2023-03-24 08:18:21
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

വെട്ടിപ്പൊളിച്ച വയറ് :- ഒരു വിചിന്തനം

 

വയറു വെട്ടിപ്പൊളിച്ച് അലമാര പോലെ തുറന്നിട്ടിരിക്കുകയാണ് എന്ന് ശ്രീ ഗണേഷ് കുമാർ എംഎൽഎ നിയമസഭയിൽ ഒരു രോഗിയെ കുറിച്ച് പ്രസംഗിക്കുകയുണ്ടായല്ലോ. (വെട്ടി പൊളിച്ച ചക്കയുമാകാം) ഇതിനെ ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രചരണം ലഭിക്കുകയും ഉണ്ടായി. ഡോക്ടർമാർ മനപൂർവം മുറിവ് തുന്നിക്കെട്ടാതെ വിട്ടതാണെന്നും, ഇത്തരത്തിലുള്ള ഡോക്ടർമാരെ തല്ലിയാൽ അത്ഭുതപ്പെടേണ്ടതില്ല എന്നും ഒരു പടി കൂടി കടന്നു എംഎൽഎ പറയുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ നാട്ടുകാർ  എംഎൽഎ യെ കലിയുഗവരദനായി ചിത്രീകരിക്കുകയും ചെയ്തു. മാധ്യമങ്ങൾ ഈ വാർത്തകളൊക്കെ കെങ്കേമം ആഘോഷിച്ചു.

 

എന്താണ് ഇതിന്റെ സത്യാവസ്ഥ എന്ന് പരിശോധിക്കാം. 2022 ഫെബ്രുവരിയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഗർഭപാത്രം നീക്കം ചെയ്ത , ശസ്ത്രക്രിയാ മുറിവ് തുന്നിച്ചേർത്തത് ഉണങ്ങാത്തതിനെ തുടർന്ന്, പലപ്രാവശ്യം പല ആശുപത്രികളിൽ ചികിത്സ തേടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിലും പലപ്രാവശ്യം ചികിത്സയ്ക്ക് വിധേയമാകുന്നു. മുറിവിലെ അണുബാധ ക്ലബ്സിയെല്ല എന്ന  ബാക്ടീരിയ. പല ആന്റിബയോട്ടിക് നൽകിയിട്ടും പഴുപ്പ് ഉണങ്ങാതെ വരുന്നു. ഇടയ്ക്ക് ഉണക്കം കണ്ടപ്പോൾ രണ്ട് പ്രാവശ്യം തുന്നി ചേർത്തെങ്കിലും ആ തുന്നലുകൾ വിട്ടു പോവുകയാണ് ഉണ്ടായത്. പിന്നീട് അവരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. അടുത്തുള്ള ആശുപത്രിയിൽ നിന്നും ഡ്രസ്സിംഗ് ചെയ്തു, അണുബാധ നീങ്ങിയതിനുശേഷം ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യാനുള്ള നിർദ്ദേശത്തോടെ. ഇതിനിടയിൽ പലതവണ സർജറി ചെയ്തു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് - wound debridement അഥവാ പഴുപ്പ് നീക്കൽ പ്രക്രിയകൾ ആണ്. കൂടാതെ ബയോപ്സി എടുക്കലും, പഴുപ്പ് കൾച്ചറിന് എടുക്കുന്ന പ്രക്രിയകളും ഇതിനിടയിൽ നടന്നിട്ടുണ്ട്. ഇതാണ് എംഎൽഎ നിയമസഭയിൽ വെട്ടിപ്പൊളിച്ച് ഇട്ടിരിക്കുവാണ് എന്ന് ഉന്നയിച്ചിരിക്കുന്നത്.

 

 ഇനി ഇതിന്റെ ശാസ്ത്രീയ വശം പരിശോധിക്കാം.

 

സാധാരണ ശരീരത്തിൽ ഉണ്ടാകുന്ന ഏതൊരു മുറിവും, എത്ര വലിയ മുറിവും, സ്വയം ഉണങ്ങാനുള്ള കഴിവുണ്ട്. ശരീരത്തിൽ ഒരു മുറിവ് പറ്റിയാൽ അല്ലെങ്കിൽ ഒരു സർജറിക്ക് വേണ്ടി മുറിവ് ഉണ്ടാക്കിയാൽ, അവയെ തുന്നി ചേർത്തുവച്ച് കഴിഞ്ഞാൽ, വേഗം കൂടിച്ചേരും. ഇതിനെ പ്രൈമറി ഹീലിംഗ് എന്ന് പറയും. ഇനി ദിവസങ്ങൾ കഴിഞ്ഞുള്ള മുറിവുകൾ വെറുതെ തുന്നി പിടിപ്പിച്ചാൽ ഉണങ്ങുകയില്ല. തുറന്നു കിടക്കുന്ന മുറിവുകളിൽ അണുബാധ ഉണ്ടാവും, ആ അണുബാധ നീക്കം ചെയ്തു നല്ല കോശങ്ങൾ (healthy granulation tissue) ഉണ്ടാകുമ്പോൾ മാത്രമേ ഇത്തരം മുറിവുകൾ കൂടിച്ചേരുകയുള്ളൂ. ഇത്തരത്തിൽ മുറിവ് കൂടി ചേരുന്നതിനെ Healing by secondary intention എന്ന് പറയും.

 

ഞാൻ പറഞ്ഞു വരുന്നത് മുറിവ് തുറന്നിട്ട് അത് അടയാനായി കാത്തിരിക്കുന്നത് ലോകത്തിലെ ആദ്യ സംഭവം ഒന്നുമല്ല. ഇംഗ്ലണ്ടിൽ നടത്തിയിട്ടുള്ള ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഏതാണ്ട് 60 മാസം വരെ ഇങ്ങനെ മുറിവുകൾ തുറന്നിട്ടിട്ടുണ്ടെന്നും പിന്നീട് അവ  കൂടിച്ചേർന്നിട്ടുണ്ടെന്നും ആണ്. ഇങ്ങനെ മുറിവുകൾ കൂടിച്ചേരാതിരിക്കാൻ പല കാരണങ്ങളുണ്ട്.

1) അണുബാധ

2) അനിയന്ത്രിതമായ പ്രമേഹം

3) പൊണ്ണത്തടി

4)പോഷകാഹാഹാരങ്ങളുടെ കുറവ്

5) വൃത്തിഹീനമായ സാഹചര്യം

 

മേൽപ്പറഞ്ഞവയെല്ലാം മുറിവുകൾ ഉണങ്ങാതിരിക്കുവാനുള്ള  കാരണമായേക്കാം. മേൽപ്പറഞ്ഞവയെല്ലാം അതിന്റെ ശാസ്ത്രീയ വശം ആണെന്നിരിക്കെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിയമസഭയിൽ ഉന്നയിച്ച് സാമാജികരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് എംഎൽഎ ചെയ്തത്. കൂടാതെ വ്യക്തിവിദ്വേഷം തീർക്കുവാൻ വേണ്ടി ആ രോഗിയെ പരിചരിച്ചിരുന്ന ഡോക്ടറെ നിയമസഭാ തലത്തിൽ വച്ച് കരിതേച്ചു കാണിക്കാൻ ശ്രമിച്ചത് തികച്ചും അപലനീയമാണ്. തനിക്ക് അറിവില്ലാത്ത വിഷയത്തിൽ സംസാരിച്ച എംഎൽഎ സ്വയം അപഹാസ്യനായിരിക്കുകയാണ്. മുപ്പതു ശതമാനം ഡോക്ടർമാർ തല്ലു കൊള്ളേണ്ടവന്മാരാണ് എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനമാണ്. നിയമം കയ്യിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന അദ്ദേഹത്തെ പോലുള്ളവർ നാട്ടിൽ അരാജകത്വം എന്നും നിലനിൽക്കണം എന്ന് താല്പര്യമുള്ളവർ ആയിരിക്കും. അദ്ദേഹം നല്ലൊരു നടനാണ്, നിയമസഭാ സാമാജികനാണ്, എന്നാൽ നിയമസഭയിൽ കാട്ടിക്കൂട്ടിയത് അദ്ദേഹത്തിന്റെ മാടമ്പിത്തരമാണ്. അതിനെ അർഹിക്കുന്ന പുച്ഛത്തോടെ കൂടി തള്ളിക്കളയാൻ മാത്രമേ ഏതൊരു മോഡേൺ മെഡിസിൻ ഡോക്ടർക്കും സാധിക്കുകയുള്ളൂ.

പിന്നെ മാധ്യമങ്ങളോട് ഒരു വാക്ക്.... നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ മിനിമം ആ ഫീൽഡിൽ ഉള്ളവരുമായി സംസാരിച്ച്, നടന്നത് എന്ത് എന്നും, അതിന്റെ ശാസ്ത്രീയവശം എന്ത് എന്നും ഒക്കെ മനസ്സിലാക്കി മാത്രം റിപ്പോർട്ട് ചെയ്യുക. ഇല്ലെങ്കിൽ വെറും പാപ്പരാസി മാധ്യമപ്രവർത്തനം മാത്രമാകും. നടു വളച്ച് കുനിഞ്ഞ് നിന്നോളൂ പക്ഷേ മുട്ടിലിഴയരുത്.

ഡോ ശങ്കർ മഹാദേവൻ

 


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.