Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ഡോക്ടർമാർ ഏതെങ്കിലും കഥാപാത്രത്തെ മാതൃകയാക്കുകയാണെങ്കിൽ അത് ഷെർലക്ക് ഹോംസിനെയായിരിക്കണം എന്നാണ് പണ്ട് മുതലേ എന്റെ അഭിപ്രായം..
2023-10-28 08:36:26
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡോക്ടർമാർ ഏതെങ്കിലും കഥാപാത്രത്തെ മാതൃകയാക്കുകയാണെങ്കിൽ അത് ഷെർലക്ക് ഹോംസിനെയായിരിക്കണം എന്നാണ് പണ്ട് മുതലേ എന്റെ അഭിപ്രായം.. എന്റെ ജൂനിയേഴ്‌സിനോട് ഞാനത് ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുമുണ്ട്.  മറ്റൊന്നും കൊണ്ടല്ല, ഷെർലക്ക് ഹോംസിന്റെ കുറ്റാന്വേഷണ രീതിയും ഡോക്ടർമാരുടെ പരിശോധനയും തമ്മിൽ വലിയ സാമ്യമുണ്ട്... അല്ലെങ്കിൽ അങ്ങനെ ഉണ്ടായിരിക്കണം എന്നാണ് വെപ്പ്.

ഒരു കസ്റ്റമർ മറന്നു വെച്ച ഊന്നുവടി പരിശോധിച്ചു അയാളെക്കുറിച്ച് വളരെ വിശദമായി വിവരങ്ങൾ ശേഖരിക്കുന്ന ഹോംസിനെ ഹൗണ്ട് ഓഫ് ബാസ്കർവിൽ എന്ന നോവലിൽ കാണാം..മറ്റു പല ഷെർലക് ഹോംസ് കഥകളിലും സമാനമായ സൂക്ഷ്മ വിശകലനങ്ങളുണ്ട്. ഹോംസ് കഥകളിലെ വളരെ രസകരമായ ഭാഗങ്ങളാണ് അവയെല്ലാം..

ഷെർലക്ക് ഹോംസ് ഇത്ര സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിച്ചു വിശകലനം ചെയ്യുന്ന പോലെയാണ് യഥാർത്ഥത്തിൽ ഡോക്ടർമാർ രോഗികളെ പരിശോധിക്കേണ്ടത്.  രോഗി consultation റൂമിന്റെ വാതിൽ തുറന്നു എത്തി നോക്കുന്നത് മുതൽ പരിശോധന ആരംഭിക്കുന്നുണ്ട്.  രോഗിയുടെ മുഖഭാവം, മുഖത്തെ പേശികളുടെ ചലനം, നടത്തത്തിലുള്ള പ്രശ്നങ്ങൾ, കഴുത്തിലെ തൈറോയ്ഡ്, വിളർച്ച, ശ്വാസം മുട്ട് തുടങ്ങി നിരവധി കാര്യങ്ങൾ രോഗി ഡോക്ടറുടെ അടുത്തു വന്നു ഇരിക്കുന്നതിനു മുൻപ് തന്നെ മനസ്സിലാക്കാൻ കഴിയും.. രോഗി സംസാരം തുടങ്ങുന്ന മാത്രയിൽ വീണ്ടും കുറേ കാര്യങ്ങൾ മനസിലാക്കാം... രോഗിയുടെ കൂടെ വരുന്ന ആളെ നിരീക്ഷിച്ചു വരെ പല കാര്യങ്ങളെകുറിച്ചും ഒരു ധാരണയുണ്ടാക്കാൻ കഴിയും.

കുറഞ്ഞ ശമ്പളത്തിൽ വീട്ടു ജോലി ചെയ്യുന്ന ഒരു ബംഗ്ലാദേശി 4-5 ദിവസം തുടർച്ചയായി ഛർദിയും വിശപ്പില്ലായ്മയുമായി op യിൽ വന്നു.  ഒറ്റ നോട്ടത്തിൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഒരാൾ.    Bp നോക്കാൻ വേണ്ടി രോഗിയോട് കൂടുതൽ അടുത്തു വന്നപ്പോൾ അയാളുടെ ശ്വാസത്തിലെ ഒരു അമോണിയ പോലത്തെ മണം,  പ്രശ്നം നിസ്സാരമല്ല എന്നെന്നെ ഓർമ്മിപ്പിച്ചു.  കിഡ്നി തകരാറിലായ ആളുകളിലാണ് ആ മണമുണ്ടാവുക.  Creatinine പരിശോധിച്ചു നോക്കണം എന്ന് പറഞ്ഞപ്പോൾ കൈയിൽ പൈസയില്ല, തൽക്കാലം ഛർദിക്കുള്ള മരുന്ന് തന്നു വിടാനായി ആവശ്യം. അങ്ങനെ മരുന്ന് എഴുതി വിടാൻ കഴിയില്ലെന്നും ഒരേയൊരു ടെസ്റ്റ്‌ ചെയ്തേ പറ്റൂ എന്നും തറപ്പിച്ചു പറഞ്ഞപ്പോൾ ടെസ്റ്റ്‌ ചെയ്യാൻ സമ്മതിച്ചു.  Creatinine 12mg% ഉണ്ടായിരുന്നു.  Dialysis ചെയ്യണ്ട രോഗിയാണ്.  അതിന് മുൻപ് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പരിശോധിച്ച സമയത്തും ഈ മണമല്ലാതെ മറ്റൊരു പ്രശ്നവും ഉണ്ടായിരുന്നില്ല താനും.  രോഗിയുടെ മണം വരെ അത്രയേറെ പ്രാധാന്യമുള്ളതാണ്. 

180 രോഗികളെ പരിശോധിച്ച ഡോക്ടർ തളർന്നു വീണ ഒരു വാർത്ത ഈയിടെയാണ് വായിച്ചത്.  കേരളത്തിലെ സർക്കാർ ആശുപത്രികളിൽ 180 ഒന്നും ഒരു നമ്പർ അല്ല.. 400 രോഗികളെ വരെ ഒറ്റ ദിവസം നോക്കിയ ഡോക്ടർമാരെ എനിക്കറിയാം.. എന്തൊരു മോശം അവസ്ഥയാണ്.  സ്വന്തം പ്രൊഫഷനോട് ഒരു തരിമ്പും നീതി പുലർത്താൻ കഴിയാതെ മാനസികവും ശാരീരികവുമായി തളർന്നു നിരാശരായ ഡോക്ടർമാർ.  മണിക്കൂറുകളോളം ക്യൂ നിന്ന ശേഷം ഒട്ടും പ്രൊഫഷണലല്ലാത്ത ചികിത്സ നേടി വീട്ടിൽ പോകേണ്ടി വരുന്ന പാവം രോഗികൾ.  400 രോഗികളെ നോക്കിയ ഡോക്ടർ പറഞ്ഞത് പനി എന്ന വക്കിലെ പ എന്ന് കേൾക്കുമ്പോൾ തന്നെ മരുന്ന് കുറിപ്പിൽ പാരസെറ്റമോൾ എന്ന് എഴുതിക്കഴിഞ്ഞിരിക്കും എന്നാണ്! അല്ലാതെ അവരെക്കൊണ്ട് കഴിയില്ല. 400 രോഗികൾ എന്നെ കാത്തു പുറത്ത് നിൽപ്പുണ്ടെങ്കിൽ ഒരു കടലിന്റെ ഒരു കരയിൽ നിന്നും മറ്റേ കരയിലേക്ക് നീന്താൻ പറഞ്ഞത് പോലെയാണ് എനിക്ക് തോന്നുക.  ഈ സിസ്റ്റം കൊണ്ടു ആർക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടോ? മാറി മാറി വരുന്ന സർക്കാരുകൾക്ക് സിസ്റ്റം നന്നാക്കണം എന്നല്ല മുൻഗണന. 24 മണിക്കൂറും ഡോക്ടർമാർ രോഗികളെ നോക്കുന്നുണ്ട് എന്ന കണ്ണിൽ പൊടിയിടൽ മാത്രമേ സർക്കാരിന് ആവശ്യമുള്ളു.. ചില ഗിമ്മിക്കുകൾ കാണിക്കുക.  ആളുകളെ പറ്റിക്കുക.  വൈദ്യശാസ്ത്രം പഠിപ്പിക്കുന്നത് പോലെ രോഗികളെ നോക്കാൻ ഒരു രോഗിക്ക്  മിനിമം 10-15 മിനിറ്റ് വേണം.  രോഗി പറയുന്ന ഹിസ്റ്ററി കേൾക്കാൻ തന്നെ 5-6 മിനിറ്റ് വേണം. അവിയലു പരുവത്തിൽ കിട്ടുന്ന ഹിസ്റ്ററിയിൽ നിന്നും നെല്ലും പതിരും വേർതിരിച്ചെടുക്കണം.  പരിശോധിക്കാൻ 4-5 മിനിറ്റ്.  ഡോക്ടർക്കു ആലോചിക്കാൻ 2-3 മിനിറ്റ്.  രോഗിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ 1-2 മിനിറ്റ്.  വൃത്തിയായി മരുന്ന് എഴുതാൻ 1 മിനിറ്റ്.  ഇങ്ങനെയൊക്കെ ചെയ്താൽ തന്നെ ചിലപ്പോൾ ചില കാര്യങ്ങളൊക്കെ ശ്രദ്ധയിൽ പെടാതെ പോകാം.  അപ്പോൾ പിന്നെ 1 മിനിറ്റിൽ തീരുന്ന പരിശോധന എങ്ങനെയായിരിക്കും എന്ന് ഊഹിക്കാമല്ലോ.. ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്ത കുറ്റകൃത്യമാണ് നമ്മുടെ ഓപികളിൽ നടക്കുന്നത് എന്ന് പറയേണ്ടി വരും.  സർക്കാർ സംവിധാനത്തിൽ മാത്രമല്ല,  പ്രൈവറ്റ് ആശുപത്രികളിലും 100 ലേറെ രോഗികളെ നോക്കുന്ന ഡോക്ടർമാരുണ്ട്.  അവിടെയും കാര്യങ്ങൾ വ്യത്യസ്തമായിരിക്കില്ല.  

2007 ൽ കൊല്ലങ്കോട് phc യിൽ മെഡിക്കൽ ഓഫീസറായി കുറച്ച് കാലം ജോലി ചെയ്തിരുന്നു.  ഞാനും NRHM പോസ്റ്റിങ്ങിൽ വന്ന എന്റെ ജൂനിയർ ബാച്ചിലെ രണ്ട് പേരുമായിരുന്നു അവിടെയുണ്ടായിരുന്നത്.  ആ നാട്ടുകാരൻ കൂടിയായിരുന്ന സീനിയർ ഡോക്ടർ റിട്ടയർ ആയ ഒഴിവിലേക്കാണ് എന്നെ നിയമിച്ചത്.  സീനിയർ ഡോക്ടറുടെ സ്ഥാനത്ത് ചെറുപ്പക്കാരായ ഞങ്ങളെ കണ്ടപ്പോൾ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാകാം രോഗികളുടെ എണ്ണം വളരെ കുറഞ്ഞു.  പിന്നീട് ഒരു ഡോക്ടറെ കൂടി പോസ്റ്റ്‌ ചെയ്തു 4 പേരായി. ഒരാൾ 10 രോഗികളിൽ താഴെ മാത്രം നോക്കിയാൽ മതി എന്ന സ്ഥിതി.  അങ്ങനെയിരിക്കെ എന്റെ ജൂനിയർ ഒരു രോഗിയുമായി എന്റെയടുക്കൽ വന്നു.  6-7 മാസമായി രക്തക്കുറവിനു iron tablet കഴിച്ച് കൊണ്ടിരിക്കുന്നു. ക്രമേണ ഹീമോഗ്ലോബിൻ കുറഞ്ഞു വരുന്നതല്ലാതെ കൂടുന്നില്ല.  ഇനി എന്തു ചെയ്യും എന്ന് discuss ചെയ്യാൻ വന്നതാണ്. ചുറ്റുവട്ടത്തുള്ള 2-3 വ്യത്യസ്ത phc കളിൽ പ്രസ്തുത രോഗി ചികിത്സ തേടിയിട്ടുണ്ട്. എല്ലാവരും iron tablet കുറിച്ച് കൊടുക്കുക മാത്രമാണ് ചെയ്തത്. 

അത് iron deficiency anemia ആയിരിക്കില്ല.. മറ്റെന്തെങ്കിലും anemia ആയിരിക്കും, നമുക്കൊന്ന് വിശദമായി നോക്കാമെന്നു പറഞ്ഞു രോഗിയെ എക്സാമിനേഷൻ ടേബിളിൽ കിടത്തി പരിശോധിച്ചു.. വളരെ എളുപ്പത്തിൽ തന്നെ കണ്ടുപിടിക്കാവുന്ന splenomegaly ഉണ്ടായിരുന്നു അവർക്ക്.  ഇത്രകാലം രോഗിയെ കണ്ട ഒരാളും അവരെ വിശദമായി, അഥവാ ഒരു anemia രോഗിയെ പരിശോധിക്കേണ്ട രൂപത്തിൽ പരിശോധിച്ചിട്ടില്ലന്ന് വ്യക്തം.  തുടർന്നുള്ള ടെസ്റ്റുകൾ ചെയ്യാൻ അവിടെ സൗകര്യങ്ങൾ ഇല്ലാത്തതു കൊണ്ടും പുറത്തു വിട്ടു ചെയ്യിക്കാൻ രോഗിക്ക് സാമ്പത്തിക ശേഷിയില്ലാത്തതിനാലും അവരെ തൃശൂർ മെഡിക്കൽ കോളേജിലേക്കു റെഫർ ചെയ്തു. അത് vitamin b 12 ന്റെ കുറവ് മൂലമുള്ള megaloblastic anemia ആയിരുന്നു.  Iron tablet കൊണ്ടു ഒരു കാര്യവുമില്ല. കൃത്യമായ ഒരു പരിശോധനയിലൂടെ ആ രോഗിയുടെ 6-7 മാസമായുള്ള പ്രശ്നം അവിടെ പരിഹരിക്കപ്പെട്ടു.

ഷെർലക് ഹോംസ് തന്റെ ജോലി ചെയ്യുന്നത് പോലെ വൈദ്യശാസ്ത്രത്തിന്റെ ആത്മാവ് അറിഞ്ഞു അതിന് കോട്ടം തട്ടാത്ത പോലെ പ്രാക്ടീസ് ചെയ്യുമ്പോൾ മാത്രമേ ഡോക്ടർമാർക്കും രോഗികൾക്കും അത് ഗുണം ചെയ്യൂ.  മാസാവസാനം ശമ്പളം അക്കൗണ്ടിൽ വന്നതുകൊണ്ട് മാത്രം തൃപ്തി വരുന്ന ഡോക്ടർമാർ വളരെ കുറച്ചേ കാണൂ എന്നാണ് എന്റെ അഭിപ്രായം. Professional satisfaction എന്നൊന്നുണ്ട്.  അതില്ലാതെ ചെയ്യുന്ന ജോലികൾ ആർക്കും ഗുണമില്ലാത്ത പ്രഹസനം മാത്രമായിരിക്കും.

സർക്കാർ ആശുപത്രികളിലെ ഓപികളിൽ വരുന്ന രോഗികളുടെ എണ്ണം കർശനമായി നിയന്ത്രിച്ചേ തീരൂ.  തിരക്കിനനുസരിച്ചു op സമയം തീരുന്നതിനു മുൻപ് തന്നെ registration അവസാനിപ്പിക്കണം.  അതല്ലെങ്കിൽ മുഴുവൻ രോഗികളെയും സമയമെടുത്തു പരിശോധിക്കാൻ മാത്രം ഡോക്ടർമാരെ നിയമിക്കണം. അതെന്തായാലും നടക്കുന്ന കാര്യമാണെന്ന് തോന്നുന്നില്ല.  രോഗികളുടെ എണ്ണം നിയന്ത്രിക്കേണ്ടി വരും.  തീരെ ചെറുതല്ലാത്ത ഒരു ഫീസ് രോഗികളിൽ നിന്നും വാങ്ങിക്കണം. അത് ആശുപത്രിയുടെ വികസനത്തിന്‌ ഉപയോഗിക്കാം. ഫീസ് അടക്കേണ്ടി  വരുമ്പോൾ അസുഖം ഉണ്ടോ ഇല്ലയോ എന്ന സംശയത്തിന്റെ പേരിൽ ചുമ്മാ ഒന്ന് ഡോക്ടറെ കാണാം എന്ന് കരുതി വരുന്ന ആളുകൾ ഇല്ലാതായിക്കിട്ടും. ഒരു ഡോക്ടറെ ഫ്രീ ആയി കാണാം എന്ന ഒറ്റക്കാരണം കൊണ്ടു ആശുപത്രിയിൽ പോയി തിരക്കുണ്ടാക്കാതിരിക്കാനുള്ള കർത്തവ്യബോധം ജനങ്ങൾക്കുമുണ്ടാകണം.

Dr Jamal
Aster hospital, Ibri, oman.

velby
More from this section
2024-03-28 17:13:47

A recent study in The Annals of Family Medicine examined the effectiveness of Chat Generative Pretrained Transformer (ChatGPT) in summarizing medical abstracts to assist physicians with concise, accurate, and unbiased summaries amidst the rapid expansion of clinical knowledge and limited review time.

2023-11-17 17:07:34

The Mega Kims Deal

2023-09-19 11:54:12
2023-08-08 10:16:01

ഈ മാസം 31-ാം തീയതി ഞാൻ മെഡിക്കൽ കോളേജിൽനിന്ന് പടിയിറങ്ങുകയാണ്.

മാമേ...എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആറര വർഷം ഞാൻ ജീവിച്ച, പഠിച്ച, എന്നെ ഒരു ഡോക്ടറാക്കി മാറ്റിയ ഈ സ്ഥാപനത്തോട് ഞാൻ യാത്ര പറയുന്നു.

2023-08-01 17:15:56

ഡോ.പി.പി.വേണുഗോപാൽ 

അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ​ ​അ​ത്താ​ണി​യാ​യൊ​രു​ ഭി​ഷ​ഗ്വ​രൻ

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.