Top Stories
വെള്ളത്തിലൂടെയുള്ള രോഗവ്യാപനവും ഇ.കോളി ബാക്ടീരിയയും
2024-07-05 17:13:47
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ജലം ജീവന്റെ അടിസ്ഥാനം ആണ്, വ്യക്തികളുടെയും സമൂഹത്തിന്റെയും  ആരോഗ്യത്തിന് ശുദ്ധജലത്തിന്റെ ലഭ്യത വളരെ അത്യാവശ്യമാണ്. മലിനമായ ഭക്ഷണമോ വെള്ളമോ ഉപയോഗിച്ചാൽ  കോളറ, ടൈഫോയിഡ്, ഡിസ്സെന്ററി, ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

 

ഇ.കോളി:

 

എസ്റ്റെരിഷ്യ കൊളി അല്ലെങ്കിൽ ഇ.കോളി ബാക്ടീരിയ എന്ന ബാക്ടീരിയയാണ് എറണാകുളം കാക്കനാട് ഉണ്ടായ രോഗവ്യാപനത്തിന്റെ പ്രധാനപ്പെട്ട കാരണമായി പറയുന്നത്. ഇ.കോളി മനുഷ്യരുടെയും മൃഗങ്ങളുടെയും ആന്തരങ്ങളിൽ ജീവിക്കുന്ന ഒന്നാണ്. അതിൽ മിക്കതും അപകടകാരികളും അല്ല. പക്ഷെ അവ മലമൂത്ര വിസർജനത്തിലൂടെ പുറന്തള്ളപ്പെടുന്നു. ഇത്തരത്തിൽ പുറത്തേക്ക് എത്തുന്നതിൽ ചില ബാക്ടീരിയകൾ ഡയേറിയയും മറ്റു രോഗങ്ങളും വരുത്തിവെക്കുന്നു…

രോഗം എങ്ങനെ പകരുന്നു ?

ഇ.കോളി  രോഗം മലമൂത്ര വിസർജനം വഴി പകരുന്നു, പ്രധാനമായും മലിനമായ വെള്ളമോ ഭക്ഷണമോ കഴിച്ചാൽ ഇത് ബാധിക്കപ്പെട്ടേക്കാം. ചുരുക്കം ചില കേസുകളിൽ ഇ.കോളി ബാക്ടീരിയ ഉള്ളിൽ ചെന്നാൽ കിഡ്നി ഫെയിലിയർ ഉണ്ടായി മരണം വരെ സംഭവിച്ചേക്കാം. 5 വയസ്സിൽ താഴെയുള്ള കുട്ടികളിലും 65 വയസ്സിനു മുകളിലുള്ള മുതിർന്നവരിലും രോഗപ്രതിരോധശേഷി മറ്റുള്ളവരെ അപേക്ഷിച്ചു കുറവായതിനാൽ കൂടുതലായി ഇ.കോളി ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾ ബാധിച്ചേക്കാം.

രോഗ ലക്ഷണങ്ങളും ചികിത്സയും :

ഇ.കോളി  രോഗത്തിന്റെ പ്രധാന ലക്ഷണം  രക്തം കലർന്നതും അല്ലാത്തതുമായുള്ള വയറിളക്കവും,വയറു വേദനയും ആണ്. അത് തീവ്രത കൂടിയതോ അല്ലാത്തതോ ആകാം. പനിയും ശർദ്ദിലും ചിലപ്പോൾ ഉണ്ടായേക്കാം. രോഗിയുടെ മലത്തിന്റെ സാമ്പിൾ പരിശോധിച്ച് രോഗം സ്ഥിരീകരിക്കാം. കൃത്യമായ വൈദ്യ പരിശോധന  രോഗത്തിൽ  അത്യാവശ്യമാണ്. വയറിളക്കം ശരീരത്തിൽ നിന്ന്  അവശ്യ ദ്രാവകങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമായേക്കാം, അതുകൊണ്ടുതന്നെ ഇത് പുനഃസ്ഥാപിക്കുന്നത് ചികിത്സയിലൂടെ മാത്രം ചെയ്യാവുന്ന കാര്യമാണ്. കൃത്യമായ രീതിയിൽ  മരുന്നുകൾ ഡോക്ടറെ കാണിച്ച ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കണം.

മൈക്രോബയോളജിക്കൽ പരിശോധന : 

എറണാകുളം കാക്കനാട് പ്രശ്നത്തിന് കാരണമായത് മലിനമാക്കപ്പെട്ടു എന്ന് പറയപ്പെടുന്ന കുടിവെള്ളമാണ്. ഇത് സ്ഥിരീകരിക്കുന്നതിനും വെള്ളത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനും, വെള്ളത്തിലെ ജീവികളെ കണ്ടെത്താനുമായുള്ള പരിശോധനകൾ ഉണ്ട്. പ്രത്യേകിച്ച് കോളിഫോമുകളും, ഇ.കോളി ബാക്ടീരിയകളെയും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

 കോളിഫോമുകൾ മണ്ണിലും സസ്യങ്ങളിലും മനുഷ്യരുടെയും മൃഗങ്ങളുടെയും ആന്ത്രങ്ങളിൽ സാധാരണയായി കണ്ടു വരുന്ന ഒരു ബാക്ടീരിയ ആണ്. ശുദ്ധീകരിച്ച കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് തന്നെ ഇതിൽ അടങ്ങിയിരിക്കുന്ന  കോളിഫോമുകളെ കണ്ടെത്താൻ വേണ്ടിയാണ്. ശുദ്ധീകരണത്തിനുശേഷം ചില സമയങ്ങളിൽ വെള്ളത്തിൽ കോളിഫോമുകൾ കാണപ്പെടുന്നത് അപകടകരമാണ്. കൃത്യമായ രീതിയിൽ അല്ലാത്ത  ശുദ്ധീകരണം, ബാക്ടീരിയ വീണ്ടും വളരുന്നതിന് കാരണമാകുന്നു. മാത്രമല്ല കൃത്യമല്ലാത്ത ശുദ്ധീകരണം മണ്ണ്  പോലെ വെള്ളത്തിൽ ഇവയെ കാണപ്പെടാനും കാരണമാകുന്നു. ഇതു വീണ്ടും വെള്ളത്തിൽ ബാക്ടീരിയെ വളരുന്നതിന് സഹായിക്കുന്നു .

ഇ.കോളി,  കോളിഫോമുകളുടെ കൂട്ടത്തിൽ ഒരു അംഗം ആണ്.  മനുഷ്യരടക്കമുള്ള സസ്തനികളിൽ ഇ.കോളി സാന്നിധ്യം കണ്ടെത്തിയേക്കാം. വെള്ളത്തിൽ ഇ.കോളി സാന്നിധ്യം കണ്ടെത്തുന്നത് വെള്ളത്തിൽ ഉണ്ടാവുന്ന മലിനീകരണത്തെ ചൂണ്ടിക്കാണിക്കുന്നു. ഇത്  രോഗങ്ങൾ സൃഷ്ടിക്കുന്ന ബാക്ടീരിയ, വൈറസുകൾ പോലുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : 

സ്വകാര്യ ശുചിത്വം : ഇടയ്ക്കിടയ്ക്ക്  കൈകൾ കഴുകുന്നത് രോഗം പകരുന്നത് തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ്. 

 

 ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്  : കൈകളും, പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും, അടുക്കളയും വൃത്തിയായി സൂക്ഷിക്കുക. സ്റ്റോർ റൂമും, പാചകം ചെയ്ത പാത്രങ്ങളും കഴുകി വേർതിരിച്ചുവെച്ച് വൃത്തിയായി സൂക്ഷിക്കുക; ഭക്ഷണ പദാർത്ഥങ്ങൾ കഴുകിയശേഷം മാത്രം പാചകം ചെയ്യുക. ഉപയോഗശേഷം ഭക്ഷണപദാർത്ഥങ്ങൾ പെട്ടെന്ന് തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുക. പാസ്റ്ററൈസ് ചെയ്ത പാലു മാത്രം ഉപയോഗിക്കുക, ജ്യൂസ് അധികനേരം സൂക്ഷിക്കാതെ പെട്ടെന്ന് തന്നെ കുടിക്കാൻ ശ്രദ്ധിക്കുക.

 

വെള്ളം ശുദ്ധീകരിക്കുക: ജലസ്രോതസ്സിന്റെയും ജലത്തിന്റെ സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ ശുദ്ധീകരണ രീതികൾ ഉപയോഗിക്കാവുന്നതാണ്. ഫിൽട്രേഷൻ, ക്ലോറിനേഷൻ, യൂവി ട്രീറ്റ്‌മെന്റ്, റിവേഴ്സ് ഓസ്മോസിസ് എന്നിവ ചെയ്യാം. വീടുകളിൽ, വെള്ളം തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. (ഒരുമിനിറ്റിൽ കുറയാതെ തിളപ്പിക്കുക, തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർക്കാതിരിക്കുക, തണുത്ത വെള്ളം വേണമെങ്കിൽ തിളപ്പിച്ച വെള്ളം ഫ്രിഡ്ജിൽ സൂക്ഷിച്ചു ഉപയോഗിക്കാം).

 

നീന്തൽ പൂൾ  വൃത്തിയാക്കണം :  വയറിളക്കം ഉള്ളവർ കുളത്തിൽ നീന്തുന്നത് ഒഴിവാക്കുക, വീടിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഉണ്ടെങ്കിൽ വൃത്തിയായി സൂക്ഷിക്കണം.

 

 വെള്ളത്തിൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് വളരെ ഗൗരവകരമായ കാര്യം തന്നെയാണ്. ഇതിനുവേണ്ട തക്കതായ അന്വേഷണം നടത്തി അധികൃതർ കൃത്യമായ പ്രതിവിധി കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കുടിവെള്ളത്തിൽ എവിടെനിന്നാണ് ഇതിന്റെ സാന്നിധ്യം വന്നത് എന്നും കണ്ടെത്തേണ്ടതുണ്ട്. ഒരുപക്ഷേ കാക്കനാട് ഉണ്ടായത് അവിടെയുള്ള ജലശുദ്ധീകരണ പദ്ധതിയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായേക്കാം. എവിടെയാണ് പാളിച്ച പറ്റിയത് എന്ന് കൃത്യമായി അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്.

 

velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.