Top Stories
ജൂണിയർ ഡോക്ടറെ ആക്രമിച്ചു: കേസ് എടുത്ത് പോലീസ്.
2023-08-12 17:01:53
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഭോപ്പാൽ: ഹമീദിയ ഹോസ്പിറ്റലിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ വെച്ച് ജൂണിയർ പീഡിയാട്രീഷ്യൻ ഡോക്ടർക്ക് നേരെ അക്രമം. ഒരു കുഞ്ഞിൻറെ ബന്ധുവാണ് 26-കാരനായ ഡോക്ടറെ ആക്രമിച്ചത്. ഇയാൾ നവജാത ശിശു സംരക്ഷണ യൂണിറ്റിലേക്ക് അതിക്രമിച്ച് കയറുകയും കുട്ടിയുടെ ചികിത്സയിൽ അശ്രദ്ധ കാണിച്ചു എന്നാരോപിച്ച് ഡോക്ടറെ ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 8-ന് ഏകദേശം ഉച്ച കഴിഞ്ഞായിരുന്നു സംഭവം നടന്നത്. ഡോക്ടർ ഹമീദിയ ഹോസ്പിറ്റലിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഒരു എമർജൻസി കേസ് വരികയായിരുന്നു. ഗുരുതരാവസ്ഥയിൽ ഉള്ള ഒരു പെൺകുഞ്ഞായിരുന്നു രോഗി. ഹനുമാൻഗഞ്ചിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത ശേഷം വീട്ടുകാർ ഹമീദിയ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ കുഞ്ഞിന്റെ നില അതീവഗുരുതരമായിരുന്നു. കുഞ്ഞിൻറെ അവസ്ഥ മനസ്സിലാക്കിയ ഡോക്ടർ  ഉടൻ തന്നെ കുഞ്ഞിനെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ അഡ്‌മിറ്റ്‌ ചെയ്തു. ശേഷം കുഞ്ഞിൻറെ ഒരു ബന്ധുവിനെ മാത്രമാണ് യൂണിറ്റിന്റെ അകത്തേക്ക് പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ പുറത്ത് നിർത്തുകയും ചെയ്തു. തുടർന്ന് ഡോക്ടർ കുഞ്ഞിനെ ചികിൽസിക്കുന്നതിനിടയിൽ ഈ ബന്ധു അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഡോക്ടർ ചികിത്സയിൽ അശ്രദ്ധ കാണിച്ചു എന്നാരോപിച്ചാണ് ഇയാൾ അക്രമം നടത്തിയത്. നേഴ്സുമാരും മറ്റു ആശുപത്രി സ്റ്റാഫുമാരും ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശേഷം ഇയാൾ കുഞ്ഞിനെ ഹമീദിയ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യിക്കുകയും കുഞ്ഞുമായി മറ്റൊരു ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. സംഭവത്തിന് ശേഷം ഡോക്ടർ ഉടൻ തന്നെ ഇയാൾക്കെതിരെ കോഹ്-ഇ-ഫിസ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയാൾക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ പല വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.