Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ഭദ്ര ദീപം...Dr .അഷ്‌റഫ് T P എഴുതുന്നു ..
2025-08-01 11:04:15
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡോ.: s ഭദ്രൻ എന്ന സാമന്ത ഭദ്രൻ എംബിബിഎസ് പഠനകാലത്ത് അധ്യാപനം കൊണ്ട് എന്നെ മാത്രമല്ല ഒരുപാട് വിദ്യാർത്ഥികളെ ത്രസിപ്പിച്ച അധ്യാപകനാണ്. തന്റെ സ്വതസിദ്ധമായ ശൈലിയിലുടെ, വിദ്യാർത്ഥികളുടെ മനസ്സിൽ വിജ്ഞാനത്തിന്റെ മായാത്ത വർണ്ണ ചിത്രങ്ങൾ കോറിയിട്ട അധ്യാപകൻ.

 

 ഞങ്ങളുടെ കാലത്ത് മൂന്നാം വർഷത്തിലും അവസാന വർഷത്തിലുമായിരുന്നു സ്ത്രീ രോഗ വിഭാഗത്തിലെ പോസ്റ്റിംഗ്.

 മൂന്നാം വർഷത്തിൽ ഡോക്ടർ സരസി ബാല മേഡത്തിന്റെ യൂണിറ്റിലും അവസാന വർഷത്തിൽ ശേഖരൻ 

 സാറിന്റെ യൂണിറ്റിലും ആയിരുന്നു ഞാൻ.

ലേബർറും പോസ്റ്റിംഗ് സമയത്താണ് ഭദ്രൻ സാറിന്റെ സായാഹ്ന ക്ലാസുകൾ ആദ്യം കേട്ടത്. വിദ്യാർത്ഥികളോട് ഇടയ്ക്കിടയ്ക്ക് ചോദ്യം ചോദിച്ചു കൊണ്ട്, അവരുടെ ഒരു ബന്ധവുമില്ലാത്ത മറുപടികൾ കേട്ട് പ്രത്യേക താളത്തിൽ കുലുങ്ങിച്ചിരിച്ചുകൊണ്ട് 

 ചിലപ്പോഴൊക്കെ ആ വിഡ്ഢിത്ത മറുപടികളുടെ ബാക്കി ഭാഗം സ്വയം പൂരിപ്പിച്ചുകൊണ്ട്, ഒരിക്കലും ദേഷ്യത്തിന്റെ ലാഞ്ചന പോലും മുഖത്ത് കാണിക്കാതെ അദ്ദേഹത്തിന്റെ നർമ്മ രസം തുളുമ്പുന്ന ക്ലാസുകൾ ഇന്നും എന്റെ മനസ്സിൽ മാത്രമല്ല ചെവിയിലും ഉണ്ട്.

 കുലുങ്ങിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ വയറ് പ്രത്യേക താളത്തിൽ കുലുങ്ങുന്നത് വളരെ കൗതുകമുള്ള കാഴ്ചയായിരുന്നു

 

 പിന്നീട് മെഡിക്കൽ കോളേജ് അധ്യാപകനായി ചേവായൂരിൽ താമസമാക്കിയപ്പോൾ സാറിന്റെ അയൽക്കാരൻ ആയെങ്കിലും അദ്ദേഹവുമായി കൂടുതൽ അടുത്തത് ഞാൻ ഐഎംഎയിൽ സജീവമായതോടെ കൂടിയാണ്. ഐഎംഎ യിലെ മിക്ക മീറ്റിങ്ങുകളിലും മുൻനിരയിലെ സൗമ്യ സാന്നിധ്യം ആയിരുന്നു സാർ. പലപ്പോഴും കുറച്ചേ സംസാരിക്കാറുണ്ടായിരുന്നെങ്കിലും, സംസാരിക്കുന്ന കാര്യങ്ങൾ വ്യക്തവും യുക്തിഭദ്രവും ആയിരിക്കും. തമ്മിൽ സംസാരിക്കുമ്പോൾ സ്നേഹത്തോടെ കൂടിയുള്ള എഡോ എന്ന വിളി ഇനി കേൾക്കില്ലല്ലോ എന്നത് ഏറെ നൊമ്പരപ്പെടുത്തുന്നു.

 

 ഭദ്രൻ സാറിലെ കലാസ്വാദകനെ പലർക്കും അറിയില്ലായിരിക്കും തളിയിലെ കഥകളി സദസ്സുകളിലെ നിത്യ സാന്നിധ്യമായിരുന്നു അദ്ദേഹം.

 

 ഒരു വീഴ്ചയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മുക്തനായി വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്തു പോകാൻ നിശ്ചയിച്ച ദിവസമാണ് മരണദേവൻ ഹൃദയതാളത്തിലെ അപ ശ്രുതിയുടെ രൂപത്തിൽ വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്.

 

 ഒരുപാടൊരുപാട് വിദ്യാർത്ഥികളെ മനസ്സിൽ ജ്ഞാനത്തിന്റെ വെളിച്ചം പകർന്ന ഭദ്രദീപം എന്നെന്നേക്കുമായി അണഞ്ഞു .

 

 മുഖത്ത് മാത്രമല്ല ഹൃദയത്തിൽ എന്നും പുഞ്ചിരി സൂക്ഷിച്ചൊരാൾ കൂടി കാല യവനികക്ക് പുറകിലേക്ക് മാറി

മോക്ഷം നേരുന്നു

 ശാന്തി

 പ്രണാമം

velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.