Top Stories
ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഡോക്ടർ ആത്മഹത്യ ചെയ്തു .
2023-12-08 15:56:56
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

റായ് ബറേലി (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഒരു ഡോക്ടർ തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു. റായ്ബറേലിയിലെ ലാൽഗഞ്ചിലുള്ള മോഡേൺ റെയിൽകോച്ച് ഫാക്ടറിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നേത്രരോഗ വിദഗ്ധനായ ഡോ. അരുൺ കുമാർ സിംഗ് (45), ഭാര്യ അർച്ചന (40), മക്കളായ അരീബ (13), ആരവ് (4) എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിർസാപൂർ സ്വദേശിയായ ഡോ. കുമാർ, കുടുംബത്തോടൊപ്പം റായ്ബറേലിയിലെ റെയിൽവേ ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇവരെ അവസാനമായി നാട്ടുകാർ കാണുന്നത്. അതിന് ശേഷം ഇവരെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടുത്ത രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും ഡോക്ടറെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നപ്പോൾ, ഡോക്ടറുടെ സഹപ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഒരുപാട് തവണ ഇവർ ബെൽ അടിച്ചിട്ടും വാതിലിൽ മുട്ടിയിട്ടും പ്രതികരണം ഒന്നും ലഭിക്കാത്തതിനാൽ ഇവർ വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു. അകത്ത് കടന്ന ഇവർ കണ്ടത് ഡോക്ടറുടെയും കുടുംബത്തിന്റെയും മൃതശരീരങ്ങൾ ആയിരുന്നു.  കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ചുറ്റിക, രക്തക്കറ, മയക്കുമരുന്ന് കുത്തിവയ്പ്പുകൾ എന്നിവ കണ്ടെത്തി. റെയിൽവേ കോച്ച് ഫാക്ടറിയിലെ നേത്രരോഗ വിദഗ്ധനായ ഡോ. അരുൺ കുമാർ സിംഗ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഡോക്ടർ ആദ്യം തന്റെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ഫോറൻസിക് ഡിപ്പാർട്മെന്റ് അറിയിച്ചു. ഒപ്പം കൊല ചെയ്യുന്നതിന് മുൻപ് ഡോക്ടർ തന്റെ കുട്ടികളിൽ മയക്കു മരുന്ന് കുത്തി വെച്ചതിന്റെ തെളിവുകൾ ലഭിച്ചതായി പോലീസ് പറയുന്നു. അതുകൊണ്ട് തന്നെ കൊല ചെയ്യുന്നതിന് മുൻപ് കുട്ടികൾ അബോധാവസ്ഥയിൽ ആയിരുന്നെന്നും പോലീസ് പറഞ്ഞു. ഡോക്ടറുടെ ശരീരത്തിൽ വെട്ടേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണം ആരംഭിച്ചതായും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം പൂർത്തിയായ ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് സൂപ്രണ്ട് അലോക് പ്രിയദർശി പറഞ്ഞു. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണെന്ന് ഡോക്ടറുടെ അയൽവാസിയായ കമൽകുമാർ ദാസ് പറഞ്ഞു. "ഡോ. കുമാർ അദ്ദേഹത്തിന്റെ രോഗികളോടും മറ്റുള്ളവരോടും വളരെ നല്ല രീതിയിൽ തന്നെയാണ് പെരുമാറിയിരുന്നത്. എന്തെങ്കിലും കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരിക്കണം. അതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്." കമൽ കുമാർ ദാസിന്റെ വാക്കുകൾ.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.