Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
നീറ്റ് പി.ജി കട്ട് ഓഫ് പൂജ്യമായി കുറയ്ക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് നൽകി കർണാടക ഹൈക്കോടതി.
2023-10-13 16:53:09
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ബാംഗ്ലൂർ: നീറ്റ് പി.ജി യോഗ്യതാ ശതമാനം പൂജ്യമായി കുറയ്ക്കാനുള്ള മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) അടുത്തിടെ എടുത്ത തീരുമാനവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ഇക്കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ഹുബ്ബള്ളിയിൽ നിന്നുള്ള അഡ്വ.വിനോദ് കുൽക്കർണിയാണ് ഈ തീരുമാനത്തെ ചോദ്യം ചെയ്തത്. ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും എം.സി.സി.ക്കും മറ്റുള്ളവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഈ വർഷം ഒഴിവുള്ള പി.ജി സീറ്റുകളിലേക്കുള്ള യോഗ്യത പൂജ്യം ശതമാനമായിരിക്കുമെന്ന് എം.സി.സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2017-ൽ എല്ലാ മെഡിക്കൽ പ്രവേശന പരീക്ഷകൾക്കും പകരമായി വന്നതിന് ശേഷം ഇതാദ്യമായാണ് നീറ്റ് പി.ജി എൻട്രൻസിൻ്റെ യോഗ്യതാ കട്ട് ഓഫ് പൂർണ്ണമായും ഒഴിവാക്കുന്നത്. രണ്ട് റൗണ്ട് കൗൺസിലിംഗിന് ശേഷവും രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിൽ 13,000 സീറ്റുകൾ ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. 10 വർഷമായി നീറ്റ് പി.ജി പരീക്ഷയുടെ കട്ട് ഓഫ് ശതമാനം 50 ശതമാനമാണെന്ന് ഹർജിക്കാരൻ പറഞ്ഞു. "കുറഞ്ഞത് 50 ശതമാനം ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള നോട്ടിഫിക്കേഷൻ 2023 സെപ്റ്റംബർ 20-ന് പ്രസിദ്ധീകരിച്ചു. എം.സി.സി.യുടെ ഉത്തരവിനെ തുടർന്ന്, നീറ്റ് പി.ജി പരീക്ഷയിൽ പങ്കെടുക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും അവർക്ക് ഇഷ്ടമുള്ള സീറ്റ് ലഭിക്കും. ഇതാണ് ഫലം എങ്കിൽ, ഡോക്ടർമാരെ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി രാജ്യം മാറും. പി.ജി പ്രവേശനത്തിന് മെറിറ്റ് മാനദണ്ഡമാക്കണമെന്ന് സുപ്രീംകോടതി പലതവണ ആവർത്തിച്ചു പറഞ്ഞതാണ്. പുതിയ ഉത്തരവ് സ്വകാര്യ മെഡിക്കൽ കോളേജുകളെ കൂടുതൽ ലോബിയിംഗിന് സഹായിക്കുന്നു." ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ എം.സി.സി.യുടെ ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകണമെന്നും മുൻപ് ചെയ്‌തത്‌ പോലെ തന്നെ കട്ട് ഓഫ് 50 ശതമാനം തന്നെയാക്കി മാറ്റണമെന്നും ഹർജിയിൽ പറയുന്നു.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.